8:00 - 8:00
Opening Hour Mon - Fri
റിസർവ് ബാങ്കിൽ നിന്നും വിരമിച്ചു എറണാകുളത്തും സമീപ പ്രദേശങ്ങളിലും താമസമാക്കിയിട്ടുള്ള 30 പേർ കൊച്ചി റിസർവ് ബാങ്കിന്റെ കാന്റീൻ ഹാളിൽ 2005 ഡിസംബർ മാസം പത്തൊൻപതാം തീയതി ഒത്തു ചേർന്നു കൊണ്ടായിരുന്നു റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ (R B R E A) കൊച്ചി എന്ന സംഘടനയ്ക്കു തുടക്കം കുറിച്ചത്. അങ്ങനെ 30 പേരുമായി തുടങ്ങിയ നമ്മുടെ സംഘടനയിൽ ഇപ്പോൾ 400 ൽ ഏറെ അംഗങ്ങൾ ഉണ്ട്. അംഗസംഖ്യയിലുണ്ടായ വർധന കൂടാതെ ഇതര പ്രവർത്തനമേഖലകളിലുണ്ടായ ഗുണപരമായ മാറ്റത്തിനും കാരണമായത് നമ്മുടെ മുൻനിര പ്രവർത്തകരുടെ അശ്രാന്ത പരിശ്രമമാണ്. റിസർവ് ബാങ്കിൽനിന്ന് വിരമിച്ച കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വേണ്ടി പ്രവർത്തനമാരംഭിച്ച അസോസിയേഷൻ ആണെങ്കിലും, താമസംവിനാ അതിന്റെ പ്രവർത്തനങ്ങളിൽ ആകർഷരായി കേരളത്തിലെങ്ങുമുള്ള വളരെയേറെ മുൻ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അംഗത്വം തേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്, കൊച്ചി ഓഫീസിൽ നിന്ന് പെൻഷൻ വാങ്ങുന്നവരേക്കാൾ വളരെയധികം അംഗസംഖ്യ നമ്മുടെ അസ്സോസിയേഷനുള്ളത്. നമ്മുടെ അസോസിയേഷന്റെ വേറൊരു പ്രത്യേകത, ആജീവനാന്ത അംഗത്വം ബാങ്കിൽനിന്ന് വിരമിച്ചയാൾക്കു മാത്രമല്ല, അവരുടെ ഭാര്യ/ഭർത്താവിന് കൂടിയുള്ളതാണ്. നമ്മുടെ അസോസിയേഷന്റെ പ്രത്യേകതകൾ നിരത്തുമ്പോൾ, ഓൾ ഇന്ത്യ റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ മറ്റൊരു യൂണിറ്റിനും ഇല്ലായെന്ന് നമ്മൾ മനസ്സിലാക്കുന്ന, സ്വന്തമായ ഒരു ഓഫീസ് റൂം നമുക്കുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ നമ്മുടെ റിട്ടയർമെന്റ് ഹോമിൽ നമുക്ക് സ്വന്തമായി, എയർ കണ്ടിഷനിംഗ് ഉൾപ്പടെ പൂർണമായി സജ്ജീകരിച്ച ഒരു ഓഫീസ് മുറി ഉണ്ടെന്നുള്ള കാര്യം ഏറെ അഭിമാനകരമാണ്. നമ്മുടെ ത്രൈമാസ പ്രസിദ്ധീകരണമായ "പ്രത്യാശ" 400 ൽ പരം അംഗങ്ങൾക്ക് സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നിട്ടും, നമ്മുടെ അസോസിയേഷന് ഫിക്സഡ് ഡെപ്പോസിറ്റുകളായി ഒരു മാന്യമായ ബാങ്ക് ബാലൻസ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്. നമ്മുടേത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു അസോസിയേഷൻ ആണെന്നതിനു പുറമെ, നമുക്ക് അസോസിയേഷന്റെ പേരിൽ ഒരു പാൻ കാർഡ് അനുവദിച്ചു കിട്ടിയിട്ടുമുണ്ട്. എല്ലാ വർഷവും വാർഷിക ജനറൽ മീറ്റിംഗ് നടത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ രെജിസ്ട്രാർക്കു റിപ്പോർട്ട് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.
റിസർവ് ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തു ഈ പ്രദേശത്തു താമസിക്കുന്നവരുടെ ഫോൺ നമ്പറും മേൽവിലാസവുമൊക്കെ കണ്ടെത്തി അവരെ നമ്മുടെ സംഘടനയുടെ കൊടിക്കീഴിൽ അണിനിരത്തുക എന്നത് ഏറെ ക്ലേശകരമായിരുന്നു, പ്രത്യകിച്ചും ആദ്യ കാലങ്ങളിൽ. നമ്മുടെ സംഘടന നിയമാനുസ്രതമായി രജിസ്റ്റർ ചെയ്യുവാനും 2007 ഏപ്രിൽ മാസം മുതൽ പ്രത്യാശ എന്ന മുഖപത്രം ആരംഭിക്കുവാനും സാധിച്ചു എന്നത് തന്നെയാണ് ഈ സംഘടനയുടെ ആദ്യകാല നേട്ടങ്ങളിൽ പ്രധാനം. കൂടാതെ, പെൻഷൻകാരെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്.
2002 നവംബർ ഒന്നിന് മുൻപ് RBI ൽ നിന്നും വിരമിച്ച പെൻഷൻകാർക്ക് ഡിയർനെസ്സ് റിലീഫ് (DR)നു പൂർണ്ണസമീകരണം ലഭ്യമായിരുന്നില്ല. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് നമ്മുടെ സംഘടന ബാങ്കിന് നു വക്കീൽ നോട്ടീസ് അയക്കുകയും, തുടർന്നു എല്ലാ റിസർവ് ബാങ്ക് പെൻഷൻകാർക്കും 37 മാസത്തെ DR കുടിശിക ലഭിക്കുകയും ചെയ്തു. ഇതു നമ്മുടെ സംഘടനാപ്രവർത്തനത്തിലെ സുപ്രധാന നേട്ടമായിരുന്നു.
നമ്മുടെ സംഘടന ഒറ്റയ്ക്കും സർവീസിലുള്ള ജീവനക്കാരുടെ സംഘടനകളുമായി ചേർന്നും പ്രവർത്തിച്ചതിന്റെ ഫലമായി, പെൻഷൻ കാലോചിതമായി പരിഷ്കരിച്ചു നടപ്പാക്കുക, കലാകാലങ്ങളിലുള്ള ശമ്പളക്കരാറുകൾക്കനുസൃതമായി പെൻഷൻ പുതുക്കി നിശ്ചയിക്കുക, റിസർവ് ബാങ്ക് പെൻഷൻ പദ്ധതിയിൽ ഇനിയും ചേരാത്തവർക്ക് ഒരവസരം കൂടി നൽകുക, കുടുംബ പെൻഷൻ കാലോചിതമായി പുതുക്കുക എന്നീ കാതലായ ആവശ്യങ്ങൾ നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ 1986നു മുമ്പ് വിരമിച്ചവർക്കുള്ള എക്സ്ഗ്രേഷ്യയോടൊപ്പം കൊടുത്തുവന്നിരുന്ന ചികിത്സാ ചെലവുകൾക്കുള്ള അലവൻസ് ഗണ്യമായി വർധിപ്പിച്ചതും, അത്തരം നേട്ടങ്ങളിൽപ്പെടുന്നു.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം 2019 മാർച്ച് മാസം മുതൽ പെൻഷൻപരിഷ്കരണം നടപ്പിലായതും ഇതുവരെ പെൻഷൻ ഓപ്ഷൻ കൊടുക്കാതിരുന്നവർക്ക് ആയതിനു ഒരവസരം കൂടി ലഭിച്ചതും നമ്മുടെ സംഘടനാപരമായ സുപ്രധാന നേട്ടങ്ങളാണ്.
ഇക്കഴിഞ്ഞ, പെൻഷൻ പരിഷ്‌കരണത്തോടൊപ്പം നടക്കാതെ പോയ ഫാമിലി പെൻഷൻ പരിഷ്കരണം നേടാനും ബാങ്കിലെ ജീവനക്കാരുടെ വേതന പരിഷ്കരണത്തോടൊപ്പം തന്നെ പെൻഷൻ പരിഷ്കരണവും നേടിയെടുക്കുന്നതിനുംഎക്സ്-ഗ്രേഷ്യ വർദ്ധിപ്പിച്ചു കിട്ടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മൾ തുടരേണ്ടതുണ്ട്.
എം എ എഫ് പദ്ധതിയനുസരിച്ചു പെൻഷൻ കാരുടെ ആശുപത്രി ബില്ലുകൾ ബാങ്കിൽ കൊടുത്തു റീഇമ്പേഴ്സമെന്റ് വാങ്ങുന്ന രീതിയായിരുന്നു തുടക്കം മുതലേ. എന്നാൽ 2007 ആഗസ്റ്റ് മാസത്തോടെ ഈ രീതി മാറ്റി, മത്സരാധിഷ്ഠിതമായ ടെൻഡറുകൾ വഴി ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ഇൻഷുറൻസ് കമ്പനികളുടെ ഗ്രൂപ്പ് മെഡിക്ലെയിം പോളിസികൾ ബാങ്ക് വാങ്ങി ആ പോളിസികൾ പ്രകാരം എം എ എഫ് പദ്ധതിയിലെ അംഗങ്ങളുടെ ആശുപത്രി ബില്ലുകൾ ഇൻഷുറൻസ് കമ്പനി റീഇമ്പേർസ് ചെയ്യുകയോ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് സൗകര്യം നൽകി നേരിട്ട് നൽകുകയോ ചെയ്യുന്ന രീതി നടപ്പിലാക്കി. ഈ പദ്ധതിയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ഈ സംവിധാനത്തിന്റെ കീഴിൽ ഗുണനിലവാരമുള്ള നല്ല ആശുപത്രികളെ ഉൾപ്പെടുത്തി അംഗങ്ങൾക്കു ക്യാഷ് ലെസ്സ് സൗകര്യം കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കുന്നതിനും മെഡിക്കൽ ബില്ലുകൾ കാലതാമസം കൂടാതെ പാസ്സാക്കി കിട്ടുന്നതിനും നമ്മുടെ ഇടപെടലുകൾ കൊണ്ടു സാധിച്ചിട്ടുണ്ട്.
2018 ജനുവരി ഒന്നാം തീയതി മുതൽ 70 വയസിൽ കൂടുതലുള്ള പെൻഷൻ കാർക്കും ഫാമിലി പെൻഷൻ കാർക്കും OP ചികിത്സകൾക്ക് വേണ്ടി മറ്റൊരു ഗ്രൂപ്പ് മെഡിക്ലയിം പോളിസിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സ്കീം സാമാന്യം ഭംഗിയായി നടന്നുവരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പദ്ധതിയിൽ യാതൊരു പുരോഗതിയും നടപ്പിലാക്കിയിട്ടില്ല. അതിനുള്ള ശ്രമങ്ങൾ തുടരും.
പെൻഷൻ എന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നൽകുന്ന സാന്ത്വനം കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ നാം അനുഭവിച്ചതാണല്ലോ. നമ്മുടെ പെൻഷൻ, ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമങ്ങൾ തുടരുന്നതോടൊപ്പം തന്നെ, യാതൊരു പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാത്ത സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്കും അശരണർക്കും രോഗാതുരർക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാം വ്യാപൃതരാണ്. അവയവദാനം, പാലിയേറ്റീവ് കെയർ സെന്ററുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ടതിന്റ ആവശ്യം എന്നിവ നമ്മുടെ കുടുംബ കൂട്ടായ്മകളിൽ സജീവമായി ചർച്ച ചെയ്തു നിലപാടുകൾ സ്വീകരിച്ചു പോരുന്നു. നമ്മളിൽ പല അംഗങ്ങളും അവയവദാനത്തിനുള്ള സമ്മതിപത്രങ്ങൾ ഒപ്പിട്ടു നൽകിക്കഴിഞ്ഞു. നമ്മുടെ അംഗങ്ങളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചു കൊണ്ട്, പ്രത്യാശ ലൈഫ് ലൈൻ ഫണ്ട് (PLF) എന്നൊരു പ്രത്യേക ഫണ്ട് രൂപീകരിച്ച് , കഷ്ടതയനുഭവിക്കുന്ന വ്യക്തികൾക്കും അവരെ പരിചരിക്കുന്ന വിവിധ സംഘടനകൾക്കും സഹായം നൽകാൻ നമ്മുടെ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. നാളിതുവരെ ഈ പദ്ധതി പ്രകാരം ഒരു കോടി രൂപയോളം (60 ലക്ഷത്തിൽ പരം രൂപ നമ്മുടെ അക്കൗണ്ടിലൂടെയും ബാക്കിയുള്ളത് അംഗങ്ങൾ നേരിട്ടും) സമാഹരിച്ചു നൽകുവാൻ കഴിഞ്ഞതാണ് നമ്മുടെ സംഘടനയുടെ ശ്രദ്ധേയമായ വലിയൊരു നേട്ടം.
അസോസിയേഷന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, നമ്മുടെ അംഗങ്ങൾ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും രോഗികളും അവരുടെ ബന്ധുക്കളുമായി സംവദിക്കുന്നതും പതിവാണ്. കൂടാതെ, സ്പെഷ്യൽ സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവ സന്ദർശിച്ചു അവിടത്തെ അന്തേവാസികൾ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അനാഥാലയങ്ങളെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളെയും സാമ്പത്തികമായി സഹായിക്കാനും അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. സേവനങ്ങളുടെ ഭാഗമായി നെടുമ്പാശ്ശേരിയിലുള്ള ഒരു സാന്ത്വന പരിചരണ കേന്ദ്രത്തിൽ നിർമ്മാണത്തിലുള്ള ഒരു പേ വാർഡ് മുറി അസോസിയേഷൻ സ്പോൺസർ ചെയ്യുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന നൂറിലധികം വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം എത്തിക്കുന്നതും HIV /AIDS ബാധിതരായ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നതും തെരുവ് കുട്ടികളെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്നതും അസോസിയേഷന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
റിസർവ് ബാങ്കിൽ നിന്നും വിരമിച്ചവർക്കായി ഒരു റിട്ടയർമെന്റ് ഹോം എന്ന നമ്മുടെ സ്വപ്ന പദ്ധതിയും ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ആലുവയിൽ പെരിയാറിന്റ തീരത്ത് 68 ഫ്ലാറ്റുകളുള്ള ഈ പാർപ്പിടപദ്ധതി നമ്മുടെ സംഘടനയ്ക്കു മാത്രം അവകാശപെടാവുന്ന അതുല്യ നേട്ടമാണ്. അസോസിയേഷന്റെ ആദ്യദശക പൂർത്തീകരണത്തിന്റെ ആഘോഷങ്ങളോടനുബന്ധിച്ചു 2016 ഫെബ്രുവരി 13 നു എറണാകുളം YMCA ഹാളിൽ ചേർന്ന പ്രത്യേക കുടുംബസംഗമത്തിൽ വച്ച്, അന്നത്തെ മുഖ്യാതിഥി ആയിരുന്ന റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ശ്രീ ആർ ഗാന്ധിയാണ് പ്രോജെക്ടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. അതിന്റെ നിർമ്മാണചുമതലകൾ വഹിക്കുവാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കോർ കമ്മിറ്റിയുടെ ആത്മാർത്ഥശ്രമങ്ങളുടെ ഫലമായി, അപ്രതീക്ഷിതമായ പല തടസ്സങ്ങളുണ്ടായിട്ടും, കൃത്യം മൂന്നു വർഷം തികയുമ്പോൾ അതു പൂർത്തിയാവുകയും അതിന്റെ ഉദ്‌ഘാടനം റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ, ശ്രീ എൻ എസ് വിശ്വനാഥൻ 2019 ഫെബ്രുവരി 3 നു നിർവഹിക്കുകയും ചെയ്തു. റിവർ ബാങ്ക് റെസിഡൻസി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ഫ്ലാറ്റ്സമുച്ചയത്തിൽ തന്നെ, നമ്മുടെ സംഘടനയ്ക്കു(RBREA, Kochi) സ്വന്തമായി ലഭിച്ച ഒരു ഓഫീസ് മുറിയുടെ ഉദ്ഘാടനവും അന്നേ ദിവസം തന്നെ നമ്മുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീ എൽ ആർ പരബ് നിർവഹിച്ച കാര്യവും എടുത്തു പറയേണ്ടതാണ്.
2019 ൽ പ്രവർത്തനമാരംഭിച്ച റിട്ടയർമെന്റ് ഹോമിൽ എല്ലാ ഫ്ലാറ്റുകളും താമസത്തിനു പൂർണ സജ്ജമാണ്. തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ, ഒരു മുഴുവൻ സമയ മാനേജരുടെ കീഴിൽ അത്യാവശ്യത്തിനു സപ്പോർട്ടിങ് സ്റ്റാഫുമായി പ്രവർത്തിക്കുന്ന ടീം, കെട്ടിട പരിപാലനം, , ഗാർഡൻ പരിപാലനം, മെസ് എന്നിവ വിജയകരമായി നടത്തി വരുന്നു. അടുത്തയിടെ പ്രവർത്തനം തുടങ്ങിയ സൗരോർജ്ജ പ്ലാന്റ് ഫ്ലാറ്റ് സമുച്ചയത്തിലെ പൊതു ഇടങ്ങളിലെ വൈദ്യുതിയാവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ ഒരു ആയുർവേദ മസ്സാജിങ് സെന്റർ നല്ല രീതിയിൽ നടത്തി വരുന്നു. സമാനതകളില്ലാത്ത ഈ പ്രൊജക്റ്റ്, ബാങ്കിന്റെ ഉയർന്ന പദവികളിലുള്ള പല ഉദ്യോഗസ്ഥരും സന്ദർശിക്കുകയും ഇങ്ങിനെ ഒരാശയം പ്രവർത്തനക്ഷമമാക്കിയതിനു, ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യാശ എന്ന നമ്മുടെ പ്രസിദ്ധീകരണത്തെപ്പറ്റി പെൻഷൻ പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരുപ്പിന്റെ പ്രതീകമായിട്ട് ഈ പ്രസിദ്ധീകരണത്തിന് ഇങ്ങനെയൊരു പേര് നൽകി അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ ശ്രീ കെ ജി കെ പിള്ള ഏപ്രിൽ 2007ൽ അദ്ദേഹത്തിന്റെ വടിവുറ്റ കയ്യക്ഷരത്തിൽ എഴുതി ഫോട്ടോ കോപ്പികളെടുത്തു അംഗങ്ങൾക്കു തപാലിൽ അയച്ചു കൊടുത്തു കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. 2007ൽ പ്രസിദ്ധീകരിച്ചതിനു ശേഷമിന്നോളം നമ്മുടെ സംഘടനയുടെ ചരിത്രരേഖകളുടെ ശേഖരമായി പ്രത്യാശ തുടരുന്നു. പെൻഷൻ, എം എ എഫിന് കീഴിലുള്ള ചികിത്സാ സൗകര്യങ്ങൾ, പെൻഷൻകാരെ ബാധിക്കുന്ന ബാങ്കിലെ സംഭവവികാസങ്ങൾ, തുടങ്ങിയ കാര്യങ്ങൾ അംഗങ്ങളെ അറിയിക്കുവാൻ വേണ്ടി ഒരു മാസികയായി തുടങ്ങിയ "പ്രത്യാശ" കൂടുതൽ പേജുകളോടെ പിന്നീട് ത്രൈമാസികയായി മാറുകയും, വിരമിച്ച റിസർവ് ബാങ്ക് ജീവനക്കാർക്ക് പ്രസക്തമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ഒരു വിവര സ്രോതസ്സായി പരിണമിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു പ്രത്യാശയുടെ ഒരു പ്രത്യേക പതിപ്പ് ജനുവരി 2016 ൽ ഒരു സ്മരണികയായി ഇറക്കുകയുണ്ടായി. ഇതിൽ അസോസിയേഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾക്കും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാസൃഷ്ടികൾക്കും പുറമെ, ദശാബ്ദി ആഘോഷത്തിന്റെയും റിട്ടയർമെന്റ് ഹോമിന്റെ ശിലാസ്ഥാപനത്തിന്റെയും ചിത്രങ്ങളും അംഗങ്ങളുടെ മുഖ ചിത്രങ്ങൾ, അഡ്രസ്, ജന്മദിനം, ജീവിത പങ്കാളിയുടെ പേര് എന്നിവ ഉൾക്കൊള്ളുന്ന ഒരു മെമ്പർഷിപ് ഡിറക്ടറിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടയർമെന്റ് ഹോമിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടികളുടെ റിപ്പോർട്ടും ചിത്രങ്ങളും ഉൾപ്പെടുത്തി പ്രത്യാശയുടെ ഒരു പ്രത്യേക പതിപ്പ് 2019 എപ്രിൽ - ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 2016 ജനുവരി മുതൽ 2019 ജൂൺ വരെ യുള്ള പുതിയ അംഗങ്ങളുടെ ഒരു ഡിറക്ടറിയും ഉൾപ്പെടുത്തിയിരുന്നു. മുൻപ് സൂചിപ്പിച്ചത് പോലെ പ്രത്യാശയുടെ പ്രതികൾ നമ്മുടെ അംഗങ്ങൾക്ക് തീർത്തും സൗജന്യമായാണ് ലഭിക്കുന്നത് .
അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും മാനസികോല്ലാസത്തി നും സാമൂഹ്യ സംവാദങ്ങൾക്കും വേണ്ടി കുടുംബ സംഗമങ്ങൾ നടത്തുന്നതും P8,P9 ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നതും അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കേരളത്തിനകത്തും പുറത്തുമുള്ള പിക്നിക് സ്പോട്ടുകളിലേക്കു വിനോദയാത്രകൾക്ക് P7 മൂന്നു മാസത്തിലൊരിക്കലെങ്കിലും അസോസിയേഷൻ നേതൃത്വം നൽകുന്നുണ്ട്. കൂടാതെ, ലക്ഷ ദ്വീപിലേക്കൊരു കപ്പൽ യാത്ര 2015 ൽ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. വിശുദ്ധ നാടുകളിലേക്ക് ഒരു യാത്ര 2019 ൽ നടത്തി.
അസോസിയേഷൻ അംഗങ്ങൾ തമ്മിൽ പരസ്പര സംവാദത്തിനും വിവര കൈമാറ്റത്തിനും വേണ്ടി facebook / whatsapp ഗ്രൂപ്പുകൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, അസോസിയേഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു whatsapp ഗ്രൂപ്പും ഒരു ഇ മെയിൽ അക്കൗണ്ടും അസോസിയേഷന്റെ പേരിലുണ്ട് .
നമ്മുടെ അടുത്ത സംരംഭമായിട്ടാണ് നമ്മുടെ സ്വന്തം വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത് . ഈ സൈറ്റ് അംഗങ്ങളുടെ നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, മാറ്റങ്ങൾക്കു വിധേയമായി മുൻപോട്ടുപോകുമെന്നും അംഗങ്ങൾക്ക് ഉപയോഗപ്രദമായ ഒരു വിവരസംഭരണി (ഇൻഫർമേഷൻ സ്റ്റോർ) ആയി നിലനിൽക്കുമെന്നും പ്രത്യാശിക്കാം.